കൊച്ചി: “അന്ധമായി പാശ്ചാത്യസംസ്കാരത്തിലേക്കു പോകാൻ ശ്രമിക്കുന്ന ഇന്നത്തെ ഇന്ത്യ ലോകത്തെ നിരാശപ്പെടുത്തും. ഭൂലോകത്തിന്റെ അമ്മയാണ് ഇന്ത്യ. വിദേശിയായിരിക്കുമ്പോഴും മഹത്തായ ഇന്ത്യൻ സംസ്കാരം ഹൃദയത്തിലേറ്റിയ വ്യക്തിയാണു ഞാൻ. സ്വന്തം പൈതൃകവും സംസ്കൃതിയും മറന്ന് പാശ്ചാത്യമൂല്യങ്ങള്ക്കു പിന്നാലെ പോകുന്ന ഇന്നത്തെ ഇന്ത്യ എന്നെ പ്രചോദിപ്പിക്കുന്നില്ല...’’
പുതിയ ഇന്ത്യയുടെ വർത്തമാനങ്ങൾക്കുനേരേ വിമർശനമുയർത്തിയത് ലോകപ്രശസ്ത പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റ് മരീന അബ്രമോവിച്ച്. കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ കലാപ്രതിഷ്ഠകളെക്കുറിച്ച് പ്രഭാഷണം നടത്താനെത്തിയ മരീന മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു.
1979ലെ ഇന്ത്യ സന്ദര്‍ശനത്തില്‍ ബോധഗയ സന്ദര്‍ശിച്ചതിലൂടെയാണ് ജീവിതത്തില്‍ എന്തു ചെയ്യണമെന്ന ചിന്ത തനിക്കുണ്ടായത്. സിനിമ, സാഹിത്യം, സംഗീതം എന്നിവയിലെല്ലാം സ്വന്തം രാജ്യത്തുള്ള നിധി കാണാതെ വിദേശത്തേക്കു കാഴ്ച പായിക്കുകയാണ്. സംസ്കൃതമെന്ന ഭാഷയും അതിലെ അമൂല്യമായ അറിവുകളും ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ തലമുറ ശ്രമിക്കണം.
പ്രകടനകലയെന്നതു വര്‍ത്തമാനകാലത്തിന്റെ അവതരണമാണ്. പൊതുജനസമക്ഷത്തില്‍ പ്രകടനകല നടത്തുമ്പോള്‍ നൂറു ശതമാനവും അതിനു നല്കാന് ശ്രമിക്കണം.
ബിനാലെ വേദിയായ ഐലന്‍ഡ് വെയര്‍ഹൗസിലെ വാട്ടര്‍ഫാള്‍ എന്ന കലാപ്രതിഷ്ഠ അഞ്ചു വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്.
ബുദ്ധമതതത്വങ്ങള്‍ അന്വേഷിച്ച് ടിബറ്റിലെത്തിയപ്പോഴാണ് തനിക്ക് ഈ കലാസൃഷ്ടിയുടെ പ്രചോദനമുണ്ടായതെന്നും മരീന പറഞ്ഞു.